മംഗളൂരു: പാശ്ചാത്യ സംഗീതോപകരണം സാക്സോഫോൺ കർണാടക സംഗീതത്തിൽ അവതരിപ്പിച്ച വിഖ്യാത സംഗീതജ്ഞൻ കദ്രി ഗോപാൽനാഥ് (69) അന്തരിച്ചു. നടുവേദനയെത്തുടർന്നു വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപാൽനാഥ് ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് ബന്ധുക്കൾ അറിയിച്ചു.
രാജ്യം പദ്മശ്രീ നൽകി ആദരിച്ചുള്ള ഗോപാൽനാഥ് 1994ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന ബിബിസി പ്രൊമിനേഡ് കൺസേർട്ടിൽ പങ്കെടുത്തിട്ടുണ്ട്. മകൻ മണികാന്ത് കദ്രി പ്രമുഖ സംഗീതസംവിധായകനാണ്. സാക്സോഫോൺ ചക്രവർത്തിയെന്ന പേരിൽ ആരാധകർ വാഴ്ത്തുന്ന ഗോപാൽനാഥിന് കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കർണാടക കലാശ്രീ, ഗണകലാ ഭൂഷണ, നാദഗന്ധർവ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കെ. ബാലചന്ദ്രൻ സംവിധാനവും എ.ആർ. റഹ്മാൻ സംഗീതവും നിർവഹിച്ച ഡ്യൂയെറ്റ് എന്ന തമിഴ്ചിത്രത്തിലെ ഗാനങ്ങളിലൂടെ കദ്രി ഗോപാൽനാഥ് സാക്സോഫോണിനെ ജനപ്രിയമാക്കി.
സാക്സോഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് അന്തരിച്ചു
12:32 AM Oct 12, 2019 | Deepika.com