നാഗ്പുർ: ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന കാഴ്ചപ്പാടിൽ രാഷ്ട്രീയ സ്വയം സേവക് സംഘം (ആർഎസ്എസ്) ഉറച്ചുനിൽക്കുന്നതായി മേധാവി മോഹൻ ഭഗവത്. ഇതിനായി ഹിന്ദുകൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരിലെ രേഷിംബാഗ് ഗ്രൗണ്ടിൽ ആർഎസ്എസിന്റെ വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
രാജ്യത്തിന്റെ കീർത്തിക്കായി എല്ലാ ഇന്ത്യക്കാരും ശ്രമിക്കുന്നുണ്ട്. രാജ്യത്തു സമാധാനം വർധിപ്പിക്കുന്നത് ഹിന്ദുക്കളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എല്ലാ വൈവിധ്യങ്ങളെയും ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു; എന്നാൽ എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്- അദ്ദേഹം പറഞ്ഞു.
മറ്റു മതങ്ങളെ അംഗീകരിക്കുകയും ലോകത്തിന്റെ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഹൈന്ദവ സങ്കല്പമായ അനേകത്വത്തിലാണ് തങ്ങൾ വിശ്വസിക്കുന്നത്. ലോകം കേൾക്കുന്നത് കരുത്തുള്ളവരുടെ ശബ്ദമാണ്. ദുർബലനെ ആരും പരിഗണിക്കില്ല. ദുർബലരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആർക്കും താത്പര്യമില്ല.
ഇസ്ലാം മതം ഇന്ത്യയിലേക്കു വന്നതാണ്. ഇതിനായി യുദ്ധങ്ങളും മറ്റും നടന്നു. പക്ഷേ, ഹിന്ദുക്കളുടെ ഐക്യം എന്നത് ഇസ്ലാം വിരുദ്ധതയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഹിന്ദുരാഷ്ട്രമെന്ന് മോഹൻ ഭഗവത്
12:44 AM Oct 09, 2019 | Deepika.com