ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഋഷികേഷ് റോയി അടക്കം നാലു പേർ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റീസുമാരായ കൃഷ്ണ മുരാരി, വി. രാമസുബ്രഹ്മണ്യൻ, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് ഋഷികേഷ് റോയിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ രാവിലെ ചീഫ് ജസ്റ്റീസിന്റെ ഒന്നാം നന്പർ കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ, സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആയി ഉയർന്നു.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 31ൽ നിന്നു 34 ആക്കി ഉയർത്താനുള്ള നിയമം പാസാക്കിയതിനു പിന്നാലെയാണ് നാല് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കി ഉയർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതുതായി രണ്ട് കോടതികൾ രൂപീകരിക്കുകയും ചെയ്തു.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ജഡ്ജിമാരിൽ ജസ്റ്റീസ് കൃഷ്ണ മുരാരി ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലും ജസ്റ്റീസ് രവീന്ദ്ര ഭട്ട് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിലും ജസ്റ്റീസ് രാമസുബ്രഹ്മണ്യൻ ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ചിലും ജസ്റ്റീസ് ഋഷികേശ് റോയി ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിലും ഇന്നലെ ആദ്യ ദിനത്തിൽ കേസുകൾ പരിഗണിച്ചു.
സുപ്രീംകോടതി ജഡ്ജിമാരായി നാലുപേർ സത്യപ്രതിജ്ഞ ചെയ്തു
01:01 AM Sep 24, 2019 | Deepika.com