മുംബൈ: പത്തു രൂപ നാണയം നല്കിയതിൽ പ്രകോപിതനായ യാത്രക്കാരൻ കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു. മുംബൈക്കു സമീപം നവി മുംബൈയിലാണു സംഭവം.
നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട്(എൻഎംഎംടി) കണ്ടക്ടർ രാമേശ്വർ ഇപ്പാറി(25)നാണു കുത്തേറ്റത്. തൻമയ് കാവതേക്കർ(34) എന്ന യാത്രക്കാരനാണു രാമേശ്വറിനെ ബസിനുള്ളിൽ വച്ച് കുത്തിയത്. കണ്ടക്ടറുടെ കഴുത്തിലും നെഞ്ചിലുമാണു കുത്തേറ്റത്. തുടർന്ന് മറ്റു യാത്രക്കാർ ചേർന്ന് കാവതേക്കറെ പിടികൂടി പോലീസിനു കൈമാറി.
പത്തു രൂപ ടിക്കറ്റിന് 20 രൂപ നല്കിയപ്പോൾ ബാക്കിയായി പത്തു രൂപയുടെ നാണയം നല്കിയതാണ് കാവതേക്കറെ പ്രകോപിപ്പിച്ചത്. കാവതേക്കറെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തുരൂപ നാണയം നല്കിയതിൽ പ്രകോപിതനായ യാത്രക്കാരൻ കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു
12:55 AM Sep 24, 2019 | Deepika.com