ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി ഒക്ടോബർ ഒന്നു വരെ നീട്ടി. എന്നാൽ, ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ കസ്റ്റഡിയിൽ ചോദ്യം ചെയ്യാവൂയെന്നും പ്രത്യേക സിബിഐ കോടതി നിർദേശിച്ചു.
ശിവകുമാറിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ശിവകുമാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
ശിവകുമാറിന്റെ ആരോഗ്യ സ്ഥിതിമൂലം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വളരെ ചുരുങ്ങിയ സമയം മാത്രമേ ചോദ്യം ചെയ്യാനായുള്ളൂയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും കോടതിയെ അറിയിച്ചു. ശിവകുമാറിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതു വരെ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി ഒക്ടോബർ ഒന്നുവരെ നീട്ടി
12:03 AM Sep 18, 2019 | Deepika.com