ന്യൂഡൽഹി: വൃദ്ധന്റെ വേഷത്തിൽ വ്യാജ പാസ്പോർട്ടുമായി അമേരിക്കയിലേക്കു കടക്കാനെത്തിയ യുവാവിനെ ഡൽഹി വിമാനത്താവളത്തിൽ പിടികൂടി. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ അഹമ്മദാബാദ് സ്വദേശി ജയേഷ് പട്ടേൽ എന്ന മുപ്പത്തിരണ്ടുകാരനാണ് പിടിയിലായത്. ഞായറാഴ്ച നടന്ന സംഭവത്തിൽ വ്യാജ പാസ്പോർട്ടുണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു.
എൺപത്തൊന്നുകാരനായ അമ്രിക് സിംഗ് എന്ന പേരിലാണ് യുവാവ് വേഷം മാറിയെത്തിയത്. മുടിയും താടിയുമെല്ലാം നരപ്പിച്ച് തലേക്കെട്ടുള്ള പടുവൃദ്ധനെന്ന രീതിയിൽ എത്തിയ അയാളുടെ പെരുമാറ്റം പ്രായാധിക്യം മൂലം വീൽചെയറിൽനിന്നും എഴുന്നേൽക്കാൻ കഴിയില്ലെന്ന തരത്തിലായിരുന്നു. പാസ്പോർട്ടിലും ഇതിനു സമാനമായ ഫോട്ടോയാണ് ഉണ്ടായിരുന്നത്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നതും ഇയാളുടെ ത്വക്ക് യുവാക്കളുടേതു പോലെയിരുന്നതും സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി.
ഇതേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവാവ് വേഷം മാറി അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ചതാണെന്നു കണ്ടെത്തിയത്. പ്രായം കൂടുതലെന്നു തോന്നിക്കുന്ന രീതിയിലുള്ള ഗ്ലാസാണ് യുവാവ് ധരിച്ചിരുന്നതെന്നു സിഐഎസ്എഫ് വക്താവ് പറഞ്ഞു. അമേരിക്കയിലേക്കു കടക്കുന്നതിനുള്ള വ്യാജ പാസ്പോർട്ടും മറ്റ് രേഖകളും ശരിയാക്കി നൽകിയത് ഡൽഹിയിലുള്ള ഭരത് എന്നയാളാണെന്നും ഇയാൾക്ക് 30 ലക്ഷം രൂപ നല്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളാണ് ജയേഷ് പട്ടേലിനെ മേക്കപ്പ് മാനെ കൊണ്ട് അമ്രീക് സിംഗിന്റെ വേഷം കെട്ടിച്ചതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
അമേരിക്കയിൽ ജോലി തേടിയായിരുന്നു യാത്ര. അതിനായി വ്യാജ പാസ്പോർട്ടും വ്യാജ മേൽവിലാസവും ഉണ്ടാക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇത്തരത്തിൽ വേഷം മാറിയുള്ള നീക്കം ആദ്യമായാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ രേഖകളുണ്ടാക്കിയ ഏജന്റും മേക്കപ്പ്മാനും ഉടൻ പിടിയിലാകുമെന്നും സഞ്ജയ് ഭാട്ടിയ അറിയിച്ചു.
വൃദ്ധന്റെ വേഷത്തിൽ വ്യാജ പാസ്പോർട്ടുമായി വിമാനത്താവളത്തിൽ; യുവാവ് പിടിയിൽ
11:55 PM Sep 10, 2019 | Deepika.com