ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ കൂടുതൽ ലളിതമാക്കുന്നു. അടുത്ത വർഷം പത്താംക്ലാസ് ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് കൂടുതൽ എളുപ്പമുള്ള ചോദ്യപേപ്പറുകളാകും നൽകുകയെന്ന് സിബിഎസ്ഇ ഇന്നലെ വ്യക്തമാക്കി. വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാണ് പുതിയ പരിഷ്കരണം.
ചോദ്യങ്ങളുടെ എണ്ണം കുറയുന്പോൾ കുട്ടികൾക്ക് കൂടുതൽ ആലോചിച്ച് നന്നായി എഴുതാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
സമ്മർദമില്ലാതെ കൂടുതൽ സർഗാത്മകമായി ഉത്തരങ്ങളെഴുതാൻ വിദ്യാർഥികൾക്ക് ഇത് സഹായിക്കുമെന്നാണ് ബോർഡ് വിലയിരുത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, സംസ്കൃതം എന്നീ വിഷയങ്ങളിലടക്കം 2020ലെ ബോർഡ് പരീക്ഷയിൽ വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ബോർഡ് അറിയിച്ചത്.
മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളടക്കം ഉൾപ്പെടുത്തി 25 ശതമാനം ഒബ്ജക്ടിവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങൾ ക്രമീകരിക്കാനും ശുപാർശയുണ്ട്. മൂല്യനിർണയ രീതിയിലും മാറ്റങ്ങൾ വരുത്തുമെന്ന് ഈ വർഷമാദ്യം സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.
എന്നാൽ പാഠപുസ്തകങ്ങളിൽ വലിയ മാറ്റംവരാതെ പരീക്ഷയിൽ മാറ്റം വരുന്നതിനെ നിരവധിപ്പേർ എതിർത്തിട്ടുമുണ്ട്. പുതിയ മാറ്റം വഴി വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗുണഫലം കിട്ടില്ലെന്നാണ് വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ലളിതമാക്കുന്നു
12:32 AM Aug 22, 2019 | Deepika.com