ന്യൂഡൽഹി: രാജ്യത്തെ ഗോദയിലെത്തിച്ച ദംഗൽ ചാന്പ്യൻ ഇനി ബിജെപിയിലും ഒരു പിടിപിടിക്കും. വൻഹിറ്റായ ബോളിവുഡ് സിനിമ ദംഗലിനു പ്രചോദനമായ ജീവിതകഥയിലെ നായിക ബബിത ഫൊഗാട്ടാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്. മൂന്നു തവണ കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടുള്ള ബബിത, കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിൽനിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളുടെയും സമുദായ സംഘടനകളുടെയും വിലക്കുകൾ മറികടന്ന് ഫയൽവാൻ മഹാവീർ ഫൊഗാട്ട് തന്റെ രണ്ട് പെണ്മക്കളെ ഗുസ്തിക്കാരികളാക്കുകയും ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തതാണ് ദംഗൽ എന്ന ചിത്രം വരച്ചുകാട്ടിയത്. ആമിർ ഖാനായിരുന്നു മഹാവീർ ഫൊഗാട്ടായി വേഷമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആകൃഷ്ടയായാണ് ബിജെപിയിൽ എത്തിയതെന്ന് ബബിത ഫൊഗാട്ട് മാധ്യമങ്ങളോടു പറഞ്ഞു.
ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ അനുകൂലിച്ച് അടുത്തിടെ ബബിത ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ബബിത ഫൊഗാട്ടിനെ സ്ഥാനാർഥിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്.
ദംഗലിലെ യഥാർഥ നായിക ബിജെപിയിലും ‘ഗുസ്തി’ പിടിക്കും
11:29 PM Aug 12, 2019 | Deepika.com