ന്യൂഡൽഹി: ജമ്മു കാഷ്മീരിനെ വിഭജിച്ച കേന്ദ്രസർക്കാരിനെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. രാജ്യതാത്പര്യമാണു നടപ്പാക്കിയതെന്നു സിന്ധ്യ ട്വിറ്ററിൽ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെ എതിർത്ത് കോണ്‍ഗ്രസ് വോട്ടു ചെയ്തപ്പോഴാണ് യുവനേതാവ് സ്വന്തം പാർട്ടിയുടെ കരണത്തടിച്ച പ്രതികരണം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പാർലമെന്റിലെ സർജിക്കൽ സ്ട്രൈക്കിൽ പ്രതിരോധം പോലും തകർന്ന കോണ്‍ഗ്രസിന് ജ്യോതിരാദിത്യയുടെ പ്രതികരണം വലിയ ക്ഷീണമായി.
ജമ്മു കാഷ്മീർ വിഭജനത്തെയും പ്രത്യേക പദവി റദ്ദാക്കലിനെയും എതിർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പ് ഭൂവനേശ്വർ കാലിത രാജിവച്ചതിന്റെ ക്ഷീണം കൂട്ടുന്നതായി പുതിയ തിരിച്ചടി.
""ജമ്മു കാഷ്മീരും ലഡാക്കുമായി വിഭജിക്കുകയും ഇന്ത്യൻ യൂണിയനിൽ പൂർണമായി സംയോജിപ്പിക്കുകയും ചെയ്ത നടപടിയെ ഞാൻ പിന്തുണയ്ക്കുന്നു. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അങ്ങിനെയായിരുന്നുവെങ്കിൽ ഒരു ചോദ്യവും ഉയരുമായിരുന്നില്ല. എന്നിരുന്നാലും ഇത് രാജ്യത്തിന്റെ താത്പര്യത്തിലാണ്. ഞാൻ ഇതിനെ പിന്തുണയ്ക്കുന്നു''. സിന്ധ്യ ട്വിറ്ററിൽ എഴുതി. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെക്കുറിച്ച് സിന്ധ്യയുടെ കുറിപ്പിൽ മൗനം പാലിച്ചതും ശ്രദ്ധേയമായി.
രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് ശനിയാഴ്ച എഐസിസിയുടെ പുതിയ താത്കാലിക അധ്യക്ഷ സ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്ന സിന്ധ്യയെ പ്രധാനികളും സോണിയയുടെയും രാഹുലിന്റെയും അടുപ്പക്കാരും തുണച്ചില്ലെന്നതും സിന്ധ്യയെ പ്രകോപിപ്പിച്ചുവെന്നാണു റിപ്പോർട്ടുകൾ. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, സച്ചിൻ പൈലറ്റ് തുടങ്ങിയ പേരുകൾക്കാണ് പാർട്ടിയിൽ മുൻതൂക്കം കിട്ടുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ജനാർദൻ ദ്വിവേദി, ദീപേന്ദർ ഹൂഡ, മിലിന്ദ് ദേവ്ര, റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎൽഎ അദിതി സിംഗ് തുടങ്ങിയവരും കേന്ദ്രത്തിന്റെ കാഷ്മീർ നടപടിയെ അനുകൂലിച്ചിരുന്നു. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും എംപിമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നിരുന്നു. കെ. മുരളീധരൻ, എം.കെ. രാഘവൻ, ബെന്നി ബഹനാൻ, ശശി തരൂർ എന്നിവർ മുതൽ വി.കെ. ശ്രീകണ്ഠൻ വരെയുള്ള കേരള എംപിമാർ കേന്ദ്രസർക്കാർ നടപടിയെ കർശനമായി എതിർത്തപ്പോൾ ആസാം, ബംഗാൾ എംപിമാർ അടക്കം പലരും മൃദുസമീപനമാണ് സ്വീകരിച്ചത്.
ജോർജ് കള്ളിവയലിൽ
ജ്യോതിരാദിത്യ മലക്കം മറിഞ്ഞു
12:36 AM Aug 07, 2019 | Deepika.com