പാട്ന: ജില്ലയിലെ മസൗധി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോട്കി മസൗധി ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ പശു പാടത്തിറങ്ങി ചോളം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിൽ ഒരാളെ തല്ലിക്കൊന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രണ്ട് ദിവസം മുന്പാണ് സഞ്ജയ് സിംഗ് എന്നയാളുടെ പശു ഗ്രാമത്തിനടുത്തുള്ള പാടത്തെ ചോളം തിന്നത്. ഇതിനെചൊല്ലി കഴിഞ്ഞദിവസം രാത്രി പാടം ഉടമയായ അയൽക്കാരനുമായി വഴക്കുണ്ടാകുകയും അയൽക്കാരനും മറ്റു മൂന്നുപേരും സഞ്ജയ് സിംഗിനെ വടികൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ സഞ്ജയ് സിംഗിനെ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സഞ്ജയ് സിംഗിന്റെ ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് ഉദയ് സിംഗ് എന്നയാൾക്കും മറ്റു മൂന്നു പേർക്കുമെതിരേ കേസെടുത്തു. സംഭവത്തെത്തുടർന്നു പ്രതികൾ നാലുപേരും ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.
ബിഹാറിൽ ഒരാളെ തല്ലിക്കൊന്നു
02:00 AM Jul 21, 2019 | Deepika.com