ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് നിർദേശം നൽകിയത്. ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഈ നിർദേശം നൽകിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമ്മേളനം നടക്കുന്പോൾ കേന്ദ്രമന്ത്രിമാർ തങ്ങളുടെ കർത്തവ്യം നിറവേറ്റാൻ സഭകളിൽ ഹാജരാകുന്നില്ലെന്ന പരാതികൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ നടപടി. ഈ രീതി അനുവദിക്കില്ലെന്നും ചുമതലകളിൽ വീഴ്ച വരുത്തിയ മന്ത്രിമാരുടെ പേരുകൾ എല്ലാ ദിവസവും വൈകുന്നേരത്തിനുള്ളിൽ നൽകണമെന്നും പാർലമെന്ററികാര്യ മന്ത്രിയോടു നിർദേശിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ സഭയിൽ ഹാജരാകാത്ത എംപിമാരുടെ നടപടിയെയും കഴിഞ്ഞ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
പാർലമെന്റിൽ വരാത്ത മന്ത്രിമാരുടെ പേരുകൾ അറിയിക്കണം: മോദി
12:18 AM Jul 17, 2019 | Deepika.com