ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ എംഎഎൽഎമാരെ ചാക്കിട്ടുപിടിച്ച് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാരോപിച്ച് കോണ്ഗ്രസ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടന്ന പ്രതിഷേധത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തു. ലോക്സഭയിൽ ഇന്നലെയും വിഷയം ഉന്നയിച്ച് കോണ്ഗ്രസ് മറ്റു പ്രതിപക്ഷ കക്ഷികളോടൊപ്പം വാക്കൗട്ട് നടത്തി.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസനത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനും പകരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച് ബിജെപി ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് കോണ്ഗ്രസ് എംപി ഗൗരവ് ഗോഗോയ് ആരോപിച്ചു. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കോണ്ഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു.
പ്രതിപക്ഷ ബഹളത്തിൽ രണ്ടു ദിവസം രാജ്യസഭ പൂർണമായും സ്തംഭിച്ചു. ലോക്സഭയിൽ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, തൃണമൂൽ കോണ്ഗ്രസ്, സിപിഎം എന്നിവരെ കൂട്ടുപിടിച്ച് കോണ്ഗ്രസ് രണ്ടുമൂന്നു ദിവസങ്ങളിൽ വാക്കൗട്ട് നടത്തി.
കോണ്ഗ്രസ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു
12:19 AM Jul 12, 2019 | Deepika.com