ന്യൂഡൽഹി: മോദി സർക്കാരിന്റെ നിലപാട് പ്രഖ്യാപനമാകുമെന്നു കരുതുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗം ചൊവ്വാഴ്ച ഡൽഹിയിൽ ചേരും. ബജറ്റ് അവതരണം, പാർലമെന്റിന്റെ പരിഗണനയിലുള്ള സുപ്രധാന ബില്ലുകൾ തുടങ്ങിയവയിലുള്ള സർക്കാർ നിലപാട് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കും. മേയ് മാസത്തിൽ അധികാരത്തിലെത്തിയ സർക്കാരിന്റെ പരിഗണനയിലുള്ള ഭരണപരിഷ്കാര നടപടികളെക്കുറിച്ചും വിശദീകരണമുണ്ടാകും.
അജൻഡയിലില്ലെങ്കിലും, വിദേശത്തുനിന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്കു സ്വീകരണവും ഒരുക്കും. ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്തശേഷം ശനിയാഴ്ചയാണു പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തിയത്.
എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ സ്ഥിരംമുഖങ്ങൾ ഇത്തവണ യോഗത്തിലുണ്ടാകില്ല. 75 വസയിനു മുകളിൽ പ്രായമുള്ള നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തോടെ ഈ നേതാക്കളുടെ പാർലമെന്ററി പ്രവർത്തനങ്ങൾക്കു കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അവസാനമായിരുന്നു. കഴിഞ്ഞ 25 നായിരുന്നു യോഗം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ മദൻ ലാൽ സെയ്നിയുടെ നിര്യാണത്തെത്തുടർന്നു യോഗം മാറ്റിവയ്ക്കുകയായിരുന്നു.
ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ
12:24 AM Jul 01, 2019 | Deepika.com