ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. കിഴക്കൻ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെയും പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെയും നിർദേശപ്രകാരമാണ് നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കു നേതൃത്വം നല്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ പരാതികളെക്കുറിച്ചും വിമതപ്രവർത്തനങ്ങളെക്കുറിച്ചും പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ് കുമാർ ലല്ലുവിനെ കിഴക്കൻ യുപിയിലെ സംഘടനാ പുനഃസംഘടനയുടെ ചുമതല നല്കി. പടിഞ്ഞാറൻ യുപിയിലെ ചുമതല ആർക്കെന്നു പിന്നീട് പ്രഖ്യാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം;ഉത്തർപ്രദേശ് ഡിസിസികൾ പിരിച്ചുവിട്ടു
01:20 AM Jun 25, 2019 | Deepika.com