ന്യൂഡൽഹി: ലോക്സഭയിൽ മഹാഭൂരിപക്ഷം നേടിയ ദേശീയ ജനാധിപത്യസഖ്യത്തിന് (എൻഡിഎ) രാജ്യസഭയിൽ ഭൂരിപക്ഷത്തിന് ഒന്നര വർഷംകൂടി കാത്തിരിക്കണം. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ കഴിഞ്ഞ അഞ്ചുവർഷവും പല നിയമനിർമാണങ്ങളും നടത്താനായില്ല.
നോമിനേറ്റഡ് അംഗങ്ങൾ അടക്കം 245 പേരാണു രാജ്യസഭയിലുള്ളത്. ഇതിൽ 101 പേരാണ് എൻഡിഎ അംഗങ്ങൾ. നോമിനേറ്റഡ് അംഗങ്ങളായ സ്വപൻ ദാസ് ഗുപ്ത, മേരി കോം, നരേന്ദ്ര ജാദവ് എന്നിവരും എന്‍ഡിഎയെ പിന്താങ്ങുന്നു. മൂന്നു സ്വതന്ത്രന്മാരുടെ പിന്തുണയുമുണ്ട്. ഇങ്ങനെ മൊത്തം 107 പേരാണ് എൻഡിഎ പക്ഷത്ത്.
യുപിഎ നോമിനേറ്റ് ചെയ്ത കെ.ടി.എസ്. തുളസി അടുത്തവർഷമാദ്യം വിരമിക്കുന്പോൾ ഒരാളെ നോമിനേറ്റ് ചെയ്യാം.
2020 നവംബറോടെ 75 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു വരിക. അതിലൂടെ 19 അധിക അംഗങ്ങളെ എന്‍ഡിഎയ്ക്കു ലഭിക്കുംവിധമാണ് സംസ്ഥാന നിയമസഭകളിലെ കക്ഷിനില. അങ്ങനെയാകുന്പോൾ 126 അംഗങ്ങളുണ്ടാകും രാജ്യസഭയിൽ എന്‍ഡിഎയ്ക്ക്. യുപി, ബിഹാർ, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് അധിക അംഗങ്ങളെ ബിജെപിക്കു കിട്ടുക.
ഉത്തർപ്രദേശിലെ 403 അംഗ നിയമസഭയിൽ ബിജെപിക്ക് 310 അംഗങ്ങളുണ്ട്. തമിഴ്നാട്ടിൽ മഹാഭൂരിപക്ഷമുള്ള അണ്ണാഡിഎംകെയുടെ സഹായത്തിൽ ആറ് അംഗങ്ങളെ ജയിപ്പിക്കാനാവും. രാജസ്ഥാനിൽ രണ്ടും ആസാമിൽ മൂന്നും പേരെ ബിജെപിക്ക് ജയിപ്പിച്ചെടുക്കാനാവും. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽനിന്നു വിരമിക്കുന്ന എല്ലാ എൻഡിഎ അംഗങ്ങളെയും വിജയിപ്പിക്കാനാവില്ല. കർണാടകം, മിസോറം, മേഘാലയ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരെ അധികം ലഭിക്കും.
ഈ വർഷം തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നല്ല വിജയം നേടിയാൽ രാജ്യസഭയിൽ അടുത്ത വർഷം കൂടുതൽ അംഗങ്ങളെ എത്തിക്കാനാവും.
രാജ്യസഭയിൽ ഭൂരിപക്ഷം ലഭിച്ചാൽ മുത്തലാഖ് ബിൽ പാസാക്കാം
പൗരത്വ നിയമഭേദഗതി കൊണ്ടുവരാം. മുസ്ലിംകളല്ലാത്ത വിദേശികൾക്കു പൗരത്വം നൽകുന്നതാണ് ഭേദഗതി.
മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്താം.
ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വ്യവസായങ്ങൾക്ക് അനുകൂലമായി മാറ്റങ്ങൾ കൊണ്ടുവരാം.
ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ്, 35 എ വകുപ്പ് എന്നിവ മാറ്റാനുള്ള നടപടികൾ ആകാം. 8തൊഴിൽ നിയമങ്ങൾ ഉദാരവത്കരിക്കാം.
രാജ്യസഭയിൽ എൻഡിഎ ഭൂരിപക്ഷം 2020 ഒടുവിൽ
01:46 AM May 26, 2019 | Deepika.com