ന്യൂഡൽഹി: പ്രധാനമന്ത്രിപദത്തിനു വേണ്ടി കോണ്ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നു കോണ്ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്.
തെരഞ്ഞെടുപ്പിൽ സ്ഥിരമായ സർക്കാരുണ്ടാക്കാനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും കോണ്ഗ്രസ് അവകാശവാദം ഉന്നയിക്കുമെന്നു ഗുലാംനബി ആസാദ് വാർത്താ ഏജൻസിയായ യുഎൻഐയോടു പറഞ്ഞു. നരേന്ദ്ര മോദിയെയും എൻഡിഎ സർക്കാരിനെയും താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രിപദത്തിനുവേണ്ടി വാശിപിടിക്കില്ലെന്നും വിട്ടുവീഴ്ചയ്ക്കു തയാറാണെന്നുമുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിപദത്തിനുവേണ്ടി കോണ്ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന വാർത്തകൾ തെറ്റാണ്. അഞ്ച് വർഷവും ഒരു സർക്കാരിനു പ്രവർത്തിക്കണമെങ്കിൽ വലിയ രാഷ്ട്രീയ പാർട്ടിക്കു മാത്രമേ അതു പ്രവർത്തിപ്പിക്കാനാകൂ.
എന്നാൽ, ഇക്കാര്യത്തിൽ ഒരുമിച്ച് പോരാടുമെന്ന സന്ദേശമാണ് താൻ നൽകിയതെന്നും അങ്ങോട്ടുമിങ്ങോട്ടും പോരടിക്കേണ്ട അവസരമല്ലെന്നുമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദമാക്കി.
പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കേണ്ടത് സമവായത്തിലൂടെയാവുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിപദത്തിലേക്ക് ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടു വന്നാൽ കോണ്ഗ്രസ് അതിനെ എതിർക്കില്ലെന്നും എന്നാൽ പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കാനായാൽ കോണ്ഗ്രസിന്റെ പ്രധാനമന്ത്രി ഉണ്ടാകുമെന്നും പാറ്റ്നയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ഇതു ചർച്ചയായതോടെയാണ് പ്രസ്താവനയിൽ വിശദീകരണവുമായി ഗുലാംനബി ആസാദ് വീണ്ടും രംഗത്തെത്തിയത്.
ഏതെങ്കിലും പാർട്ടി പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തിയാൽ അതിനെതിരേ നിൽക്കില്ലെന്നു പാർട്ടി ഹൈക്കമാൻഡ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകാൻ വിസമ്മതിച്ച കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഇക്കാര്യത്തിൽ നേരത്തേതന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞു.
കോണ്ഗ്രസ് പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നു ഗുലാം നബി
01:34 AM May 18, 2019 | Deepika.com