മൗ/ചാന്ദോളി/ മിർസാപുർ: തനിക്കെതിരേയുള്ള ദൂഷണങ്ങൾ വർധിക്കും തോറും തന്നോടുള്ള ജനങ്ങളുടെ സ്നേഹം വർധിക്കുകയാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഉത്തരപ്രദേശിലെ പ്രതിപക്ഷ സഖ്യം ഇപ്പോൾ പരാജയ ഭീതിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എസ്പിയും ബിഎസ്പിയും ഉൾപ്പെടെയുള്ള മഹാസഖ്യവാദികളുടെയെല്ലാം ആവേശം തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ ഇടിഞ്ഞിരിക്കുകയാണെന്ന് ചന്ദൗലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
എതിരാളികൾ ദൂഷണത്തിന്റെ അളവ് കൂട്ടും തോറും ജനങ്ങൾ അവരുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അളവ് കൂട്ടിക്കൊണ്ടിരിക്കുകയാണെന്നു മിർസാപുരിലെ റാലിയിൽ മോദി പറഞ്ഞു. മൗവിൽ അമിത് ഷായുടെ കൊൽക്കത്തയിലെ റാലിയിൽ സംഘർഷമുണ്ടായതിനു മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി. അക്രമത്തിൽ തകർന്ന ബംഗാൾ പ്രതീകം ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയ്ക്കു പകരം തന്റെ സർക്കാർ പുതിയ ഒരെണ്ണം സ്ഥാപിക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.
ദൂഷണങ്ങൾ വർധിച്ചിട്ടും ജനങ്ങൾ സ്നേഹിക്കുന്നു: മോദി
02:40 AM May 17, 2019 | Deepika.com