ജമ്മു: കാഷ്മീരിലെ ദോദ ജില്ലയിലെ ഭദേർവയിൽ കലാപത്തെത്തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ ജനക്കൂട്ടം ഭദേർവ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതര സമുദായക്കാരുടെ വീടുകൾക്കു നേർക്കും ആക്രമണമുണ്ടായി. ലാത്തിച്ചാർജ് നടത്തിയും കണ്ണീർവാതകം പ്രയോഗിച്ചുമാണു പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത്. കന്നുകാലി കച്ചവടക്കാരനായ യുവാവ് കൊല്ലപ്പെട്ടതാണു സംഘർത്തിനു കാരണമായത്.
പശു സംരക്ഷകരുടെ ആക്രമണത്തിലാണു നയീം കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, ദോദ ജില്ലാ ഭരണകൂടം ഇക്കാര്യം നിഷേധിച്ചു. കൊലപാതകത്തിനു ചിലർ സാമുദായികനിറം നല്കാൻ ശ്രമിക്കുകയാണെന്നു ജില്ലാ ഭരണകൂടം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി നാൽതി മേഖലയിലെത്തിയപ്പോൾ നയീം വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാഷ്മീരിലെ ദോദ ജില്ലയിൽ കലാപം; ഭദേർവയിൽ കർഫ്യു പ്രഖ്യാപിച്ചു
02:40 AM May 17, 2019 | Deepika.com