റായ്പുർ: ഛത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റ് ഒരാഴ്ച പ്രായമായ കുഞ്ഞുമായി പോലീസിനു കീഴടങ്ങി. തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ഹുംഗി കട്ടം എന്ന സുനിത(30) ആണു കീഴടങ്ങിയത്. കാങ്കേർ ജില്ലയിലായിരുന്നു സംഭവം.
പ്രസവത്തിനു മുന്പ് സുനിതയെ വിട്ട് ഭർത്താവും മറ്റ് മാവോയിസ്റ്റുകളും പോയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സുനിത പ്രസവിച്ചത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചിൽപരാസ് വനമേഖലയിൽ തെരച്ചിൽ നടത്തിയ പോലീസ് സംഘത്തിനു മുന്നിലെത്തി സുനിത കീഴടങ്ങാൻ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് കാങ്കേർ എസ്പി കെ.എൽ. ധ്രുവ് പറഞ്ഞു.
കുഞ്ഞിനെ കാങ്കേർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2014ൽ ആണ് സുനിത സിപിഐ(മാവോയിസ്റ്റ്)യിൽ ചേർന്നത്.
കൈക്കുഞ്ഞുമായി വനിതാ മാവോയിസ്റ്റ് കീഴടങ്ങി
12:33 AM May 16, 2019 | Deepika.com