സത്ന (മധ്യപ്രദേശ്): ബിഷപ് മാർ ഏബ്രഹാം ഡി. മറ്റത്തിന്റെ (97) സംസ്കാര ശുശ്രൂഷകളുടെ അവസാന ഭാഗം ഇന്നു മധ്യപ്രദേശിലെ സത്ന സെന്റ് വിൻസന്റ് കത്തീഡ്രലിൽ നടക്കും. രാവിലെ 9.30നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണു സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്.
ഇന്നലെ രാത്രിയിൽ പള്ളിയിലെത്തിച്ച ഭൗതികശരീരത്തിൽ നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. കൊച്ചിയിൽ നിന്നു വിമാനത്തിൽ ഡൽഹിയിലെത്തിച്ച ഭൗതികശരീരം റോഡു മാർഗമാണു സത്നയിലേക്കു കൊണ്ടുവന്നത്. രൂപതയുടെ പ്രതിനിധികൾ ഭൗതികദേഹത്തെ അനുഗമിച്ചു.
രാവിലെ 9.30നു ദിവ്യബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ജബൽപൂർ ബിഷപ് ഡോ. ജെറാൾഡ് അൽമെയ്ഡ വചനസന്ദേശം നൽകും. ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലെയോ കൊർണേലിയോ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.
മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും പന്ത്രണ്ടോളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും സമർപ്പിതരും അല്മായരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും. നഗരികാണിക്കലിനുശേഷം കത്തീഡ്രൽ പള്ളിയിൽ അൾത്താരയ്ക്കു സമീപത്തു തയാറാക്കിയിട്ടുള്ള കല്ലറയിലാണു സംസ്കാരം.
സീറോ മലബാർ രൂപതയായ സത്നയുടെ പ്രഥമ മെത്രാനാണു വിൻസൻഷ്യൻ സന്യാസ സമൂഹാംഗമായ മാർ ഏബ്രഹാം ഡി. മറ്റം. കഴിഞ്ഞ 16നു കൊച്ചി ഇടപ്പള്ളിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഇടപ്പള്ളിയിലെ വിൻസൻഷ്യൻ ജനറലേറ്റിൽ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം നടന്നു.
മാർ ഏബ്രഹാം ഡി. മറ്റത്തിന്റെ സംസ്കാരം ഇന്ന്
12:03 AM Apr 24, 2019 | Deepika.com