ന്യൂഡൽഹി: മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ 132-ാം വാർഷികവും ബിസിനസ് ദീപികയുടെ 25-ാം വാർഷികവും സംയുക്തമായി രാഷ്ട്രതലസ്ഥാനത്ത് ഇന്ന് ആഘോഷിക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. മൗലാന ആസാദ് റോഡിലെ ഉപരാഷ്ട്രപതിയുടെ ഒൗദ്യോഗിക വസതിയിലുള്ള സർദാർ വല്ലഭ്ഭായ് പട്ടേൽ ഹാളിൽ വൈകുന്നേരം 4.30നാണ് സമ്മേളനം.
വൈകുന്നേരം 4.30നു ചേരുന്ന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യപ്രഭാഷണവും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും നടത്തും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സംഘാടക സമിതി ചെയർമാനും അസോസിയേറ്റ് എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, എംഡി, ചീഫ് എഡിറ്റർ, ഡൽഹി ബ്യൂറോ ചീഫ് എന്നിവർ ചേർന്ന് സമ്മേളനത്തിനെത്തുന്ന ഉപരാഷ്ട്രപതിയെ സ്വീകരിക്കും.
വ്യവസായരംഗത്തെ മികവിനുള്ള ബിസിനസ് ദീപിക എക്സലൻസ് അവാർഡിന് അർഹരായ ഡോ. കെ. അജിത് ജോയി (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഡിഡിആർസി എസ്ആർഎൽ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്), ജോർജ് ആന്റണി (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ജി.കെ. ഗ്രൂപ്പ് ഓഫ് കന്പനീസ്), കെ.ജി. അനിൽകുമാർ (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ്) എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
ദീപിക 132-ാം വാർഷിക ആഘോഷം ഡൽഹിയിൽ ഇന്ന്
01:24 AM Mar 27, 2019 | Deepika.com