പാറ്റ്ന: നടനും പ്രമുഖ ബിജെപി നേതാവുമായ ശത്രുഘ്നൻ സിൻഹ നാളെ കോൺഗ്രസിൽ ചേരും. മുപ്പതു വർഷത്തിലേറെ ബിജെപിയിൽ പ്രവർത്തിച്ച സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും എതിരേ നിശിതവിമർശനം നടത്തുന്നയാളാണ്. സിറ്റിംഗ് മണ്ഡലമായ പാറ്റ്ന സാഹിബിൽ ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയാകും. കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് ആണ് ഇവിടെ ബിജെപി സ്ഥാനാർഥി.
കായസ്ഥ വിഭാഗത്തിനു നിർണായക സ്വാധീനമുള്ള മണ്ഡലമാണു പാറ്റ്നസാഹിബ്. സിൻഹയും രവിശങ്കർ പ്രസാദും കായസ്ഥ വിഭാഗക്കാരാണ്. ശത്രുഘ്നൻ സിൻഹയെ തങ്ങളുടെ സ്ഥാനാർഥിയാക്കാൻ ആർജെഡിക്കും താത്പര്യമുണ്ടായിരുന്നു.
2009ലും സിൻഹ പാറ്റ്ന സാഹിബിൽ വിജയിച്ചിരുന്നു. 2014ൽ കോൺഗ്രസിലെ കുനാൽ സിംഗിനെ 2,65,805 വോട്ടിനാണു സിൻഹ പരാജയപ്പെടുത്തിയത്. പഴയ പാറ്റ്ന മണ്ഡലം ഇപ്പോൾ പാറ്റ്ന സാഹിബ്, പാടലീപുത്ര എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളായി. 1945 ഡിസംബർ ഒന്പതിന് പാറ്റ്നയിൽ ജനിച്ച ശത്രുഘ്നൻ പ്രസാദ് സിൻഹ രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. 2002-04 കാലത്ത് വാജ്പേയി മന്ത്രിസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
ശത്രുഘ്നൻ സിൻഹ കോൺഗ്രസിലേക്ക്
01:16 AM Mar 27, 2019 | Deepika.com