ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്നതിൽ അനിശ്ചിതത്വം. രാഹുൽ തങ്ങളുടെ സംസ്ഥാനത്തു മത്സരിക്കണമെന്ന ആവശ്യവുമായി കർണാടകയും തമിഴ്നാടും ആന്ധ്രയും രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത്.
ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നത് ആലോചിക്കുന്നുണ്ടെങ്കിലും മണ്ഡലമേതെന്ന കാര്യത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു പ്രവർത്തക സമിതി അംഗം പി.സി. ചാക്കോ പറഞ്ഞു. വയനാട്ടിൽ മത്സരിക്കുന്നതിൽ ദേശീയ നേതാക്കളിൽ ചിലർ എതിരഭിപ്രായം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നു നടക്കുന്ന കോണ്ഗ്രസ് പ്രവർത്തക സമിതി യോഗവും തെരഞ്ഞെടുപ്പ് സമിതി യോഗവും നിർണായകമാകും.
അമേഠിയെക്കൂടാതെ വയനാട്ടിലും മത്സരിക്കണമെന്ന കേരള നേതാക്കളുടെ അഭ്യർഥന രാഹുലും കോണ്ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയും സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു രാഹുൽ തന്നെയാണെന്നു ഹൈക്കമാൻഡ് നേതാക്കൾ പറയുന്നു.
മറ്റു സംസ്ഥാനങ്ങളും രംഗത്ത്
അതിനിടെ, രാഹുൽ തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്ന അഭ്യർഥനയുമായി തമിഴ്നാട്, ആന്ധ്ര, കർണാടക, പഞ്ചാബ്, രാജസ്ഥാൻ പിസിസി കൂടി രംഗത്തെത്തി. തമിഴ്നാട്ടിലെ ശിവഗംഗയിൽ രാഹുൽ മത്സരിക്കണമെന്നു പിസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി നിർദേശിച്ചു. എന്നാൽ, അവിടെ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സ്ഥാനാർഥിയാക്കാനാണു ഹൈക്കമാൻഡിന്റെ തീരുമാനം. രാഹുലിനു കർണാടക പിസിസി മുന്നോട്ടുവച്ച ബംഗളൂരു സൗത്തിൽ ബി.കെ. ഹരിപ്രസാദിന്റെ പേരും ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
ഇന്നു ചേരുന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിലും തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വ വിഷയം ചർച്ചയാകുമെന്നാണ് സൂചന. രാഹുലിന്റെ സ്ഥാനാർഥി നിർണയം തീരുമാനമാകാത്ത സാഹചര്യത്തിൽ ഇന്നലെ പുറത്തിറങ്ങിയ ഒൻപതാമത് സ്ഥാനാർഥിപ്പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേര് ഉൾപ്പെട്ടിട്ടില്ല. ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന് ആവേശം പകരാൻ രാഹുൽ ദക്ഷിണേന്ത്യൻ സംസ്ഥാനത്തു മത്സരിക്കുന്നതിനെ മിക്ക നേതാക്കളും അനുകൂലിക്കുന്നുണ്ടെങ്കിലും വയനാട്ടിന്റെ കാര്യത്തിൽ എതിരഭിപ്രായമുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വയനാട്ടിൽ മത്സരിക്കുന്നത് സുരക്ഷിത മണ്ഡലം തേടിയുള്ള നീക്കമായി ബിജെപി പ്രചരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ജിജി ലൂക്കോസ്
രാഹുൽ വരുമോ? അനിശ്ചിതത്വം!; തീരുമാനം ഇന്നുണ്ടായേക്കും
12:44 AM Mar 25, 2019 | Deepika.com