ബംഗളൂരു: വ്യാജരേഖയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ, മുൻമുഖ്യമന്ത്രി യെദിയൂരപ്പയുടേതെന്ന തരത്തിലുള്ള ഡയറിയുടെ പേരിൽ ആരോപണങ്ങളുന്നയിച്ച കോൺഗ്രസിനെതിരേ നിയമനടപടിയുമായി ബിജെപി. ആരോപണമുന്നയിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയ്ക്കെതിരേ പരാതി നൽകുമെന്നു ബിജെപി എംഎൽഎ സുരേഷ് കുമാർ പറയുന്നു.
ഡയറിയിലെ കണക്കുകളെ ആധാരമാക്കി, ബിജെപിയിലെ ഉന്നത നേതാക്കൾക്ക് കൈക്കൂലിയായി യെദിയൂരപ്പ 1,800 കോടി രൂപ നൽകിയെന്നാണു കോൺഗ്രസ് വക്താവ് കഴിഞ്ഞദിവസം ആരോപിച്ചത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയുടെ ഫോട്ടോകോപ്പിയും സുർജേവാല പ്രദർശിപ്പിച്ചിരുന്നു. ഇതിനൊപ്പം മറ്റേതാനും പേപ്പറുകളും.
ഡയറി വ്യാജമാണെന്ന് ആദായനികുതി സ്ഥിരീകരിച്ചിരുന്നുവെന്നും ബിജെപി നേതാക്കളെ അഴിമതിക്കാരായി ചിത്രീകരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടെന്നും സുരേഷ് കുമാർ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിച്ചശേഷം പോലീസിൽ പരാതി നൽകി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുമെന്നും സുരേഷ് കുമാർ പറഞ്ഞു. ബിജെപി നേതാക്കൾ അഴിമതിക്കാരണെന്ന് ട്വീറ്റ് ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.
യെദിയുരപ്പ ഡയറി: സുർജേവാലയ്ക്കെതിരേ പരാതിയുമായി ബിജെപി
12:44 AM Mar 25, 2019 | Deepika.com