വിജയവാഡ: ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗരമായ അമരാവതി ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ മംഗളഗിരിയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാര ലോകേഷ് ടിഡിപി സ്ഥാനാർഥിയായി മത്സരിക്കും. നിലവിൽ ലോകേഷ് എംഎൽസിയാണ്.
വൈഎസ്ആർസിപി പ്രസിഡന്റ് ജഗൻമോഹൻ റെഡ്ഡിയുടെ വസതി, പാർട്ടി ഓഫീസ്, നടനും ജനസേന പാർട്ടി പ്രസിഡന്റുമായ കെ. പവൻ കല്യാണിന്റെ വസതി, പാർട്ടിയുടെ സംസ്ഥാനകാര്യാലയം എന്നിവ സ്ഥിതി ചെയ്യുന്നത് മംഗളഗിരി മണ്ഡലത്തിലാണ്. 2,53,889 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. കുഗ്രാമമായിരുന്ന മംഗളഗിരി 2015ൽ പെട്ടെന്നു ദേശീയശ്രദ്ധ ആകർഷിച്ചത് ചന്ദ്രബാബു നായിഡു തന്റെ ഭരണസിരാകേന്ദ്രം ഇവിടേക്കു മാറ്റിയപ്പോഴാണ്. വിജയവാഡയ്ക്കും ഗുണ്ടൂർ പട്ടണത്തിനുമിടയിലുള്ള മംഗളഗിരി ഐടി കന്പനികളുടെ കേന്ദ്രമാണ്.
എയിംസും മംഗളഗിരി മണ്ഡലത്തിലാണ്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർസി സ്ഥാനാർഥി അല്ലാ രാമകൃഷ്ണ റെഡ്ഡി വെറും 12 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. നാലു രൂപയ്ക്ക് ഊണ് കൊടുക്കുന്ന കാന്റീനുണ്ട് റെഡ്ഡിക്ക്. കൂടാതെ പച്ചക്കറികൾ കുറഞ്ഞവിലയ്ക്കു നല്കുന്ന ചെറിയൊരു ചന്തയും. റെഡ്ഡി സമുദായത്തിന്റെയും കർഷകരുടെയും പിന്തുണ റെഡ്ഡിക്കുണ്ട്. മംഗളഗിരി തലസ്ഥാന നഗരിയാക്കാൻ സർക്കാരിനു ഭൂമി വിട്ടുകൊടുക്കാത്ത കർഷകർക്കൊപ്പംനിന്ന് റെഡ്ഡി സമരം നയിച്ചിരുന്നു. എം. നാഗേശ്വര റാവുവാണ് ഇടതു സ്ഥാനാർഥി. ബിജെപി, ജനസേന സ്ഥാനാർഥികളായി മോഹൻ റാവുവും എസ്.കെ. സലിമും മത്സരരംഗത്തുണ്ട്.
ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് മംഗളഗിരിയിൽ
12:43 AM Mar 25, 2019 | Deepika.com