റാഞ്ചി: ജാർഖണ്ഡിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. കോൺഗ്രസ് ഏഴു സീറ്റിലും ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) നാലു സീറ്റിലും ബാബുലാൽ മറാൻഡി നേതൃത്വം നല്കുന്ന ജെവിഎം(പി) രണ്ടു സീറ്റിലും ആർജെഡി ഒരു സീറ്റിലും മത്സരിക്കും.
റാഞ്ചി, ഖുന്തി, ലോഹർദഗ, വെസ്റ്റ് സിംഗ്ഭും, ഹസാരിബാഗ്, ധൻബാദ്, ഛത്ര സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ദുംക, രാജ്മഹൽ, ഗിരിദിഹ്, ജാംഷഡ്പുർ എന്നിവയാണ് ജെഎംഎം മത്സരിക്കുന്ന സീറ്റുകൾ. കോദേർമ, ഗോഡ്ഡ സീറ്റുകളിൽ ജെവിഎം(പി) മത്സരിക്കും. പലാമു സീറ്റ് ആർജെഡിക്കു നല്കി.
ഇടതു പാർട്ടികളുമായി ചർച്ച നടത്തിയെങ്കിലും ധാരണയുണ്ടാക്കാനായില്ലെന്നു ജെപിസിസി അധ്യക്ഷൻ ഡോ. അജയ്കുമാർ പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളെ മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം ആണു മഹാസഖ്യത്തെ നയിക്കുക. 2020ൽ രാജ്യസഭയിലേക്കുള്ള ഒഴിവിൽ ന്യൂനപക്ഷ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കാനും മഹാസഖ്യം തീരുമാനിച്ചു.
ജാർഖണ്ഡിൽ മഹാസഖ്യം; കോൺഗ്രസ്-7 , ജെഎംഎം-4
12:43 AM Mar 25, 2019 | Deepika.com