ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾ ശരിവച്ച് ഇന്നലെ ബിജെപി കേന്ദ്ര ആസ്ഥാനത്തെത്തിയാണ് പുതിയ രാഷ്ട്രീയ ഇന്നിംഗ്സിനു ഗംഭീർ തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി അംഗത്വമെടുത്തത്. ന്യൂഡൽഹി മണ്ഡലത്തിലെ രാജേന്ദ്ര നഗർ സ്വദേശിയായ ഇദ്ദേഹം ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചേക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണവും പ്രവർത്തനങ്ങളുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ ബിജെപി പ്രവേശനത്തിലൂടെ തനിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ഡൽഹിയിൽനിന്നു വീരേന്ദർ സേവാഗിനെ മത്സരിപ്പിക്കാൻ ബിജെപി നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയ സേവാഗ്, താൻ മത്സരിക്കുന്നില്ലെന്നും അറിയിച്ചു.
ഗൗതം ഗംഭീർ ബിജെപിയിൽ
12:28 AM Mar 23, 2019 | Deepika.com