ന്യൂഡൽഹി: പിഎസ്സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായിൽനിന്നാണ് കെ.എസ്. രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ചടങ്ങിൽ പങ്കെടുത്തു. രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായി ആലപ്പുഴയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുമെന്നാണ് സൂചന.
കാലടി സർവകലാശാല വൈസ് ചാൻസലറും 2011 മുതൽ 2016 വരെ കേരള പിഎസ്സി ചെയർമാനുമായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്നാൽ, ഇതുവരെ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നില്ലെന്നു രാധാകൃഷ്ണൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വ മഹിമയാണ് ബിജെപിയിൽ ചേരാൻ കാരണം.
കോണ്‍ഗ്രസ് മഹത്തായ പ്രസ്ഥാനമായിരുന്നു. ഇപ്പോൾ കോണ്‍ഗ്രസിനു ശക്തമായ നേതൃത്വമില്ല. ജനാധിപത്യ രീതിയിലല്ല കോണ്‍ഗ്രസിൽ പദവികൾ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡോ. കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു
12:52 AM Mar 18, 2019 | Deepika.com