ബംഗളൂരു: എയ്റോ ഇന്ത്യ വ്യോമപ്രദർശനം നടക്കുന്ന ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിലെ വേദിക്കു സമീപമുള്ള പാർക്കിംഗ് മൈതാനത്ത് വൻ തീപിടിത്തം. ആളപായമില്ല. മുന്നൂറോളം കാറുകൾ കത്തിനശിച്ചു.
വ്യോമതാവളത്തിലെ അഞ്ചാം നമ്പർ ഗേറ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.17നാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. പാർക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങളും കത്തിയിട്ടുണ്ട്.
തീപിടിക്കാത്ത വാഹനങ്ങൾ പ്രദേശത്തുനിന്ന് മാറ്റിയശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽനിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
എയ്റോ ഇന്ത്യ വേദിക്കു സമീപം തീപിടിത്തം; മുന്നൂറോളം കാറുകൾ കത്തിനശിച്ചു
12:21 AM Feb 24, 2019 | Deepika.com