ബരൗനി: പുൽവാമയിൽ ഭീകരാക്രമണം ഹൃദയത്തിൽ ദുഃഖവും അമർഷവും നിറച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. നിങ്ങളുടേതുപോലെ എന്റെ നെഞ്ചിലും തീ ആളുകയാണ്. വീരമൃത്യുവരിച്ച പാറ്റ്ന, ഭഗൽപുർ സ്വദേശികളായ സൈനികരായ സഞ്ജയ് കുമാർ സിൻഹയ്ക്കും രതൻ കുമാർ ഠാക്കൂറിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു: മോദി പറഞ്ഞു.
പാറ്റ്ന മെട്രോ റെയിൽ ഉൾപ്പെടെ 33,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ബെഗുസരായി ജില്ലയിലെ ബരൗനിയിൽ പ്രധാനമന്ത്രി ശിലാസ്ഥാപന കർമം നിർവഹിച്ചു. ചടങ്ങിൽ പ്രസംഗിച്ച മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയും ഭീകരാക്രമണത്തിനു തക്ക മറുപടി നല്കണമെന്ന് ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ഗവർണർ ലാൽജി ടാണ്ഡൻ, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, രാം വിലാസ് പാസ്വാൻ, രാം കൃപാൽ യാദവ്, ഗിരിരാജ് സിംഗ് എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ നെഞ്ചിലെ തീ എന്റെ നെഞ്ചിലുമുണ്ട്: മോദി
12:54 AM Feb 18, 2019 | Deepika.com