അതിശൈത്യം ഉത്തരേന്ത്യയില്‍ വന്‍ കുഴപ്പങ്ങളുണ്ടാക്കാറാണു പതിവ്. എന്നാല്‍ തണുപ്പിന്റെ തുണകൊണ്ട് ചരിത്രത്തില്‍ ഇടംനേടിയ ഒരാളുണ്ട്. ശ്യാം ശരണ്‍ നേഗി എന്നാണ് അദ്ദേഹത്തിന്റെ പേര്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയ്തയാള്‍ എന്ന സ്ഥാനമാണ് അദ്ദേഹം ചൂടോടെ നേടിയെടുത്തത്.
കഥയിങ്ങനെ:
1952 ഫെബ്രുവരിയിലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. എന്നാല്‍ അതിശൈത്യവും മോശം കാലാവസ്ഥയും മൂലം ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നേരത്തേയാക്കി. 1951 ഒക്ടോബര്‍ 25ന് നടത്തിയ തെരഞ്ഞെടുപ്പില്‍ കല്പ എന്ന ബൂത്തിലെ പോളിംഗ് ഓഫീസറായിരുന്നു നേഗി. ഡ്യൂട്ടിയിലായിരുന്നതിനാല്‍ തന്റെ വോട്ട് ആദ്യം രേഖപ്പെടുത്താമെന്ന് അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ ചരിത്രത്തില്‍ ഇടവും നേടി.
ജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ച് ഗൂഗിള്‍ പുറത്തിറക്കിയ പ്ലെഡ്ജ് ടു വോട്ട് എന്ന വീഡിയോ നേഗിയുടെ കഥയാണ് പറയുന്നത്. പിന്നീട് തെരഞ്ഞെടുപ്പു കമ്മീഷന്റെ ആദരവും നേഗി നേടി.
തണുപ്പു തുണച്ചു, നേഗി ഒന്നാമനായി
12:53 AM Feb 18, 2019 | Deepika.com