ലോക്സഭയുടെ അംഗസംഖ്യ എത്ര? പെട്ടെന്നുള്ള ഉത്തരം 545. ഇതുശരിയാണ്. 543 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെട്ട രണ്ട് (ആംഗ്ലോ ഇന്ത്യൻ) അംഗങ്ങളും ഉൾപ്പെടെ 545.
ഇതാണു നിലവിൽ ഉള്ളത്.
എന്നാൽ, ഭരണഘടന പ്രകാരം 552 അംഗങ്ങളാണു വേണ്ടത്. സംസ്ഥാനങ്ങളിൽനിന്ന് 530 -ഉം കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്ന് ഇരുപതും അംഗങ്ങൾ ആകാമെന്നു ഭരണഘടന 81(1) വകുപ്പ് പറയുന്നു. ഭരണഘടന 331 വകുപ്പ് പ്രകാരം രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ രാഷ്ട്രപതിക്കു നാമനിർദേശം ചെയ്യാം. ഇങ്ങനെയാണ് 552.
ഇപ്പോഴത്തെ അംഗസംഖ്യ 545. ബാക്കി ഏഴുപേർ എവിടെ?
പല വിശദീകരണങ്ങൾ നല്കപ്പെടാറുണ്ട്. പാക്കിസ്ഥാന്റെ കൈയിലുള്ള അധിനിവേശ കാഷ്മീരിനുവേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ് എന്നതാണു സാധാരണ വിശ്വാസം. എന്നാൽ അതു ശരിയല്ല.
ജമ്മു കാഷ്മീർ അടക്കമുള്ള സംസ്ഥാനങ്ങൾക്കു മൊത്തം 530 സീറ്റ് ഇപ്പോൾ ഉണ്ട്. അതിനാൽ അവിടെ ഒഴിവില്ല.
എന്നാൽ, കേന്ദ്രഭരണപ്രദേശങ്ങൾക്കു പറഞ്ഞിട്ടുള്ള 20ൽ 13 മാത്രമേ ഇപ്പോൾ ഉള്ളൂ. ഏഴ് ഒഴിവ് അവിടെയാണ്. അവിടെ കുറവു വന്നതിനു കാരണം കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനസംഖ്യ കുറവായതാണ്.
പാക് അധീന കാഷ്മീരിനു വേണ്ടി അഞ്ചു ലോക്സഭാ സീറ്റ് നീക്കിവയ്ക്കാനാവശ്യപ്പെട്ട് 2014-ൽ ബിജെപിയിലെ നിഷ്കാന്ത് ദുബെ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ജമ്മു - കാഷ്മീർ നിയമസഭയിൽ 15 സീറ്റ് പാക് അധീനകാഷ്മീരിൽപ്പെടുന്ന പ്രദേശങ്ങളുടെ പ്രതിനിധികൾക്കായി നീക്കിവച്ചിട്ടുണ്ട്. ആദ്യകാലത്ത് 25 സീറ്റ് നീക്കിവച്ചിരുന്നു.
പ്രതിപക്ഷനേതാവില്ലാതെ അഞ്ചു ലോക്സഭകൾ
പതിനാറാം ലോക്സഭയിൽ പ്രതിപക്ഷനേതാവ് ഇല്ലായിരുന്നു. മൊത്തം അംഗങ്ങളുടെ പത്തിലൊന്നെങ്കിലും ഉള്ള കക്ഷിക്കേ പ്രതിപക്ഷനേതാവ് സ്ഥാനം ലഭിക്കൂ. അതായത് 543ന്റെ പത്തിലൊന്നായ 54 പേരെങ്കിലും വേണം. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്ഗ്രസിന് 44 അംഗങ്ങളാണുണ്ടായിരുന്നത്(ഉപതെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ഇത് 49 ആയി). 1952, 1957, 1962, 1984 ലോക്സഭകളിലും പ്രതിപക്ഷനേതാക്കളില്ലായിരുന്നു. ആദ്യകാലത്ത് ലോക്സഭയിലെ പ്രതിപക്ഷ പാർട്ടികളുടെ ഗ്രൂപ്പിന്റെ നേതാവായി പ്രവർത്തിച്ചിരുന്നത് എ.കെ. ഗോപാലനായിരുന്നു. 1969ൽ സംഘടനാ കോണ്ഗ്രസ് നേതാവ് രാം സുഭഗ് സിംഗ് ആണ് ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായത്. കാബിനറ്റ് പദവിയോടെ ആദ്യമായി പ്രതിപക്ഷനേതാവായത് വൈ.ബി. ചവാനാണ്.
പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ ആൾ രാജീവ്ഗാന്ധിയാണ്; പ്രതിപക്ഷനേതാവായശേഷം പ്രധാനമന്ത്രിയായത് അടൽ ബിഹാരി വാജ്പേയിയും.
സി.എം. സ്റ്റീഫൻ ആണ് പ്രതിപക്ഷനേതാവ് സ്ഥാനത്തെത്തിയ ഏക മലയാളി.സോണിയഗാന്ധിയും സുഷമ സ്വരാജുമാണ് പ്രതിപക്ഷനേതാവ് സ്ഥാനത്തെത്തിയ വനിതകൾ. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ നേതാവായത് എൽ.കെ. അഡ്വാനി മാത്രമാണ്.
ലോക്സഭയുടെ അംഗസംഖ്യ 552
12:53 AM Feb 18, 2019 | Deepika.com