കെ.സി. വേണുഗോപാൽ എംപി
തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ വാഗ്ദാനങ്ങൾ നടത്തി അടുത്ത സർക്കാരിനു മേൽ വലിയ ബാധ്യത കെട്ടിവച്ചിരിക്കുകയാണ്. ആദായ നികുതിയിൽ ഇളവ് വരുത്തിയത് അടക്കമുള്ള പ്രഖ്യാപനങ്ങൾ തട്ടിപ്പാണ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി വകുപ്പിലെ 87എ അനുസരിച്ച് നൽകിയിരുന്ന ടാക്സ് റിബേറ്റ് ഉയർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ജോസ് കെ. മാണി എംപി
ഈ ബജറ്റ് വെറും പ്രകടന പത്രികയാണ്. പ്രായോഗികമായി ഒന്നും ചെയ്യാനാവാത്ത കപട വാഗ്ദാനങ്ങളാണ് ഒട്ടേറെയും.
എൻ.കെ. പ്രേമചന്ദ്രൻ എംപി
ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സർക്കാരിന്റെ നിരുത്തരവാദപരമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. രാജ്യത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച വിലയിരുത്തലും രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു പദ്ധതിയും മുന്നോട്ടു വയ്ക്കാത്ത സർക്കാർ രണ്ടു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ നൽകാനുള്ള പദ്ധതി പണം കൊടുത്ത് വോട്ട് വാങ്ങുന്നതിനുള്ള വിലകുറഞ്ഞ പദ്ധതിയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എംപി
തെരഞ്ഞെടുപ്പിനു ഒരു മാസം മാത്രം ശേഷിക്കേ വാഗ്ദാന പെരുമഴ നടത്തിയ പൊതുബജറ്റ് ഒരു തമാശയായി മാത്രമേ കണക്കാക്കാനാവൂ. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചവ നടക്കാൻ പോകുന്നില്ലെന്നു മാത്രമല്ല, പ്രഖ്യാപനങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരനു ലഭിക്കാനും പോകുന്നില്ല.
ബിനോയ് വിശ്വം എംപി
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ബജറ്റ് എന്ന പേരിൽ പിയൂഷ് ഗോയലിനെ കൊണ്ടു നരേന്ദ്ര മോദി അവതരിപ്പിച്ചിരിക്കുന്നത്.
നാലര കൊല്ലം മുന്പ് അഛേ ദിൻ പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചവർ ഇപ്പോൾ ബജറ്റു കൊണ്ട് അവരുടെ കണ്ണുകെട്ടാൻ ശ്രമിക്കയാണ്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്ര ബജറ്റിനെ തള്ളി പ്രതിപക്ഷം
01:23 AM Feb 02, 2019 | Deepika.com