ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയപ്രവേശനം സ്വാഗതം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ സഹോദരി എല്ലാ നിലയിലും കഴിവുള്ള വ്യക്തിത്വമാണെന്നാണ് പറഞ്ഞത്. പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും വളരെ ശക്തരായ നേതാക്കളാണ്. അവരിലൂടെ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സഹോദരി തന്റെ ഒപ്പം നിന്നു പ്രവർത്തിക്കുന്നു എന്നതിൽ ഇപ്പോൾ ഏറെ ആഹ്ലാദം ഉണ്ടെന്നും രാഹുൽ പറഞ്ഞു.
പ്രിയങ്കയുടെ വരവോടെ ബിജെപി ഭയചകിതരായിരിക്കുന്നു എന്നാണ് അമേത്തിയിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോടു പറഞ്ഞത്. കോണ്‍ഗ്രസ് ഇപ്പോൾ ആദർശപോരാട്ടത്തിലാണ്. ആ യുദ്ധത്തിൽ ഒരു ചുവടു പോലും പിന്നോട്ടുവയ്ക്കാൻ തയാറല്ല. പോരാട്ടത്തിൽ കോണ്‍ഗ്രസ് മുന്നോട്ടു ചുവടുറപ്പിച്ചു കഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു.
പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നതു തങ്ങൾ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു എന്ന് യുപി കോണ്‍ഗ്രസ് വക്താവ് പീയൂഷ് മിശ്ര പറഞ്ഞു. പ്രിയങ്ക ചുമതലയേൽക്കുന്നതോടെ ഉത്തർപ്രദേശ് കോണ്‍ഗ്രസിനുള്ളിൽ വലിയ അഴിച്ചു പണികൾ നടക്കുമെന്നാണ് കണക്കുകൂട്ടൽ. 2017 ൽ എസ്പി നേതാവ് അഖിലേഷ് യാദവുമായി സഖ്യത്തിലെത്താനുള്ള മുഖ്യ കണ്ണിയായി വർത്തിച്ചതു പ്രിയങ്കയാണ്.
പ്രിയങ്ക കരുത്തുറ്റ നേതാവെന്ന് രാഹുൽ
12:54 AM Jan 24, 2019 | Deepika.com