ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനു ജയിലിലടയ്ക്കപ്പെട്ട മണിപ്പൂരിലെ മാധ്യമപ്രവർത്തകനു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്ത്. നരേന്ദ്ര മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിനെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഗേമിനാണ് രാഹുൽ കത്തയച്ചത്.
ഭിന്നാഭിപ്രായക്കാരെ നിശബ്ദമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ശ്രമമാണു കിഷോർ ചന്ദ്രയുടെ അറസ്റ്റെന്നു രാഹുൽഗാന്ധി കുറിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപി സർക്കാർ മണിപ്പൂരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഇന്ത്യയെന്ന ആശയത്തെ മാത്രമല്ല തെറ്റായ നയങ്ങൾക്കെതിരേ വെല്ലുവിളി ഉയർത്തുന്ന എല്ലാവരെയും തകർക്കാൻ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
മണിപ്പൂരിൽ ബിജെപി ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികാഘോഷ പരിപാടികൾ നടത്തിയതിനെതിരെയാണ് കിഷോർ ചന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മണിപ്പൂർ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയാണതെന്നും സർക്കാർ മോദിയുടെയും ഹിന്ദുത്വത്തിന്റെയും കളിപ്പാവയായി പ്രവർത്തിക്കുന്നുമെന്നായിര ുന്നു കിഷോറിന്റെ വിമർശനം.
ഇതേത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
മോദിയെ വിമർശിച്ചതിനു ജയിലിലായ മാധ്യമപ്രവർത്തകനു രാഹുലിന്റെ കത്ത്
12:32 AM Jan 21, 2019 | Deepika.com