ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപന പ്രസംഗം 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തും. പിറ്റേന്ന് ഫെബ്രുവരി ഒന്നിനാണ് എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റ്.
പതിനാറാം ലോക്സഭയുടെ 31ന് തുടങ്ങി ഫെബ്രുവരി 13ന് അവസാനിക്കുന്ന 17-ാമത് സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാകും ആരംഭിക്കുക. ഇന്ത്യയുടെ സാന്പത്തിക സർവേയും അന്നുതന്നെ ലോക്സഭയിൽ സമർപ്പിക്കും. അമേരിക്കയിൽ പരിശോധനയ്ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പിറ്റേന്ന് പൊതുബജറ്റ് അവതരിപ്പിക്കും. റെയിൽവേ ബജറ്റും പൊതുബജറ്റിന്റെ ഭാഗമായിരിക്കും.
അടുത്ത ജൂണ്‍ വരെയുള്ള ചെലവുകൾക്കുള്ള ധനാഭ്യർഥനകളാകും പാർലമെന്റിൽ അവതരിപ്പിക്കുക. മേയ് മാസത്തിൽ അധികാരത്തിലെത്തുന്ന പുതിയ കേന്ദ്രസർക്കാർ സാന്പത്തിക വർഷത്തിലെ ബാക്കിയുള്ള മാസങ്ങൾക്കായി പിന്നീട് മറ്റൊരു ബജറ്റ് കൂടി അവതരിപ്പിക്കുകയാണു പതിവ്.
മോദി സർക്കാരിന്റെ അവസാന നയപ്രഖ്യാപനം 31ന്
02:14 AM Jan 17, 2019 | Deepika.com