ന്യൂഡൽഹി: ഫിലിപ്പ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് വാങ്ങിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകപ്രശസ്ത പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇതിന് ജൂറിയുമില്ല, മുന്പെങ്ങും ആർക്കും കൊടുത്തിട്ടുമില്ല. അലിഗഡിലെ കേട്ടുകേൾവിയില്ലാത്ത ഒരു കന്പനിയും പതഞ്ജലിയും റിപ്പബ്ലിക് ടിവിയും ചേർന്നാണ് പുരസ്കാരം ഏർപ്പെടുത്തിയത് എന്നായിരുന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
പ്രഥമ ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ പുരസ്കാരം മോദി തിങ്കളാഴ്ചയാണ് സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച നേതൃത്വം പരിഗണിച്ചാണ് മോദിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്നാണ് സംഘാടകർ അറിയിച്ചത്. പ്രധാനമന്ത്രിയുടെ മികവിന് ലഭിച്ച പുരസ്കാരം എന്ന നിലയിൽ പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന ഇറക്കിയിരുന്നു.
എന്നാൽ, രാഹുലിന്റെ പരിഹാസത്തിന് തിരിച്ചടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലെത്തി. രാഹുലിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത സ്മൃതി അഭിപ്രായം പറയുന്നത് അവരവർക്കു തന്നെ ഭാരതരത്ന നൽകി ആദരിച്ച കുടുംബത്തിൽ നിന്നുള്ള ആളാണെന്നാണു പരിഹസിച്ചത്.
മോദിയുടെ പുരസ്കാരത്തെ പരിഹസിച്ചു രാഹുൽ; തിരിച്ചടിച്ച് സ്മൃതി ഇറാനി
12:55 AM Jan 16, 2019 | Deepika.com