ന്യൂഡൽഹി: അയോധ്യയിൽ എത്രയും വേഗം രാമക്ഷേത്രം നിർമിക്കുക എന്നതാണ് ബിജെപിയുടെ ആവശ്യമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഡൽഹി രാംലീല മൈതാനത്തിൽ ബിജെപി ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിൽ നടപടികൾ എത്രയും വേഗം പൂർത്തിയാകാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, കോണ്‍ഗ്രസാണ് ഇതിന് തടസം നിൽക്കുന്നതെന്ന് അമിത്ഷാ ആരോപിച്ചു. മുത്തലാക്ക് ബിൽ, ഹജ്ജ് സബ്സിഡി, ജിഎസ്ടി, നോട്ട്നിരോധനം തുടങ്ങിയ നടപടികളിലൂടെ ബിജെപി രാജ്യത്ത് വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു.
സാന്പത്തിക സംവരണം ഏർപ്പെടുത്തിയതിന് നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് അമിത്ഷാ പ്രസംഗം ആരംഭിച്ചത്. ദീർഘകാലമായുള്ള ആവശ്യമാണെങ്കിലും ഇക്കാര്യം യാഥാർഥ്യമാക്കാൻ മോദി സർക്കാരിനു മാത്രമാണു സാധിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ബിജെപിയോടൊപ്പമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 2019 ബിജെപിക്ക് നിർണായക പോരാട്ടത്തിന്റെ വർഷമാണ്.
131 യുദ്ധങ്ങൾ ജയിച്ച മറാഠകൾക്ക് ഒരു പാനിപ്പത്ത് യുദ്ധത്തിൽ തോൽക്കേണ്ടിയും 200 വർഷം നീണ്ട അടിമത്തത്തിൽ കഴിയേണ്ടിയും വന്നു എന്നാണ് അമിത്ഷാ പറഞ്ഞത്. ഒരു വശത്ത് നരേന്ദ്ര മോദിയും മറുവശത്ത് മറ്റെല്ലവരും അണിനിരക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും അമിത്ഷാ പറഞ്ഞു. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കാൻ കഴിയാത്തവരാണ് ഇപ്പോൾ കൈ കോർത്തു നിൽക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കായ് തങ്ങൾക്കാർക്കും നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അവർക്കറിയാം.
ലോകത്ത് മറ്റൊരു നേതാവിനും അവകാശപ്പെടാനാകാത്ത ജനപ്രീതി മോദിക്കുണ്ടെന്നും ബിജെപി അധ്യക്ഷൻ അവകാശപ്പെട്ടു. റഫാൽ വിഷയത്തിൽ തെളിവുകൾ ഇല്ലാതെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാജ്യത്തെ ജനങ്ങൾ രാഹുലിനെക്കാളും ബുദ്ധിയുള്ളവരാണെന്നും അമിത്ഷാ പറഞ്ഞു. റഫാൽ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം തന്നെ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തക്ക മറുപടിയാണു നൽകിയതെന്നും ഷാ അവകാശപ്പെട്ടു.
പതിനായിരത്തിലധികം പ്രവർത്തകരാണ് രണ്ടു ദിവസങ്ങളിലായി ചേരുന്ന ദേശീയ കൗണ്‍സിലിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 200 പ്രതിനിധികളുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതോടെയാണ് ദേശീയ കൗണ്‍സിൽ അവസാനിക്കുന്നത്. ഇത്തവണ വീണ്ടും മോദി സർക്കാർ (അബ്കി ബാർ ഫിർ മോദി സർക്കാർ) എന്നതാണ് ദേശീയ കൗണ്‍സിലിന്റെ തീം.
രാമക്ഷേത്രവുമായി വീണ്ടും ബിജെപി
12:45 AM Jan 12, 2019 | Deepika.com