ന്യൂഡൽഹി: ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് നിയമനം നടത്തിയത്. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും ഇതോടൊപ്പം നിയമിച്ചിട്ടുണ്ട്.
എഐസിസി സെക്രട്ടറിമാരായ ദേവേന്ദ്ര യാദവ്, രാജേഷ് ലിലോതിയ, ഡൽഹി നിയമസഭ പാർലമെന്ററി പാർട്ടി നേതാവ് ഹാരൂണ്‍ യൂസഫ് എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. ഡൽഹി ചുമതലയുള്ള കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം പി.സി. ചാക്കോ അറിയിച്ചതാണ് ഇക്കാര്യം.
ഡിപിസിസി പ്രസിഡന്റായിരുന്ന അജയ് മാക്കൻ രാജിവച്ച ഒഴിവിലാണ് ഷീലാ ദീക്ഷിതിന്റെ നിയമനം. മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത്, ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. ഡൽഹിയിലെ ഭാരവാഹികൾക്കൊപ്പം കുൽദീപ് സിംഗ് റാത്തോഡിനെ ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും രാഹുൽ ഗാന്ധി നിയമിച്ചു.
ഷീലാ ദീക്ഷിത് ഡിപിസിസി പ്രസിഡന്റ്
12:34 AM Jan 11, 2019 | Deepika.com