ചെന്നൈ: മനുഷ്യസമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ഇന്ത്യയിലെ സഭ ശ്രദ്ധയൂന്നണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തീസ്ത ദിക്വാത്രോ.
ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ സംഘടനയായ കോൺഫറൻസ് ഓഫ് ദി കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) 31-ാം പ്ലീനറി സമ്മേളനം മഹാബലിപുരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ആവശ്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്പോഴാണ് സുവിശേഷത്തിൽ ജീവിക്കാനും സഭയ്ക്ക് ആനന്ദിക്കാനും കഴിയുക. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഇന്ത്യയിലെ സഭയിലെ ഉന്നതരുടെ ഒരു സംഘമല്ല, രാഷ്ട്രത്തിനു സാക്ഷ്യം വഹിക്കുന്നവരുടെ ഒരു കൂട്ടമാണ്. നമ്മുടെ ഐക്യത്തിലൂടെയും കൂട്ടായ്മയിലൂടെയും നമ്മൾ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നവരാണെന്ന് രാഷ്ട്രത്തിനു തെളിയിച്ചു കൊടുക്കാൻ കഴിയണം: വത്തിക്കാൻ സ്ഥാനപതി പറഞ്ഞു.
സിസിബിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. സിസിബിഐ സെക്രട്ടറി ആർച്ച്ബിഷപ് അനിൽ കുട്ടോ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ജോർജ് ആന്റണി സാമി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു.
സുവിശേഷത്തിന്റെ ആനന്ദം എന്ന വിഷയമാണ് ഏഴു ദിവസത്തെ സമ്മേളനം ചർച്ച ചെയ്യുന്നത്. ഇന്ത്യയിലെ ലത്തീൻ സഭയെ ബാധിക്കുന്ന മറ്റു വിഷയങ്ങളും ചർച്ചയ്ക്കു വരും.
സമൂഹത്തിന്റെ ആവശ്യങ്ങളിലേക്കു സഭ ശ്രദ്ധയൂന്നണം: ആർച്ച്ബിഷപ് ദിക്വാത്രോ
12:34 AM Jan 11, 2019 | Deepika.com