ന്യൂഡൽഹി: അംഗങ്ങളുമായി കൂടിയാലോചിച്ചു സമവായയത്തിലെത്താതെ ചട്ടങ്ങൾ മറികടന്നു രാജ്യസഭാ സമ്മേളനം നീട്ടിയതിനെതിരേ പ്രതിപക്ഷം. കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, അണ്ണാ ഡിഎംകെ അംഗങ്ങൾ ഇക്കാര്യത്തിൽ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ, രാജ്യസഭ ചൊവ്വാഴ്ച പിരിയുന്പോൾ വിവരം കൃത്യമായി അറിയിക്കാതിരുന്നത് തന്റെ വ്യക്തിപരമായ വീഴ്ചയോ മനസിലാക്കുന്നതിൽ പറ്റിയ വീഴ്ചയോ ആയിരിക്കുമെന്നാണ് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻശ് പറഞ്ഞത്.
സർക്കാരിൽ നിന്ന് അഭ്യർഥന ലഭിച്ചശേഷം ചേർന്ന രാജ്യസഭാ ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ സമ്മേളനം ഒരു ദിവസംകൂടി നീട്ടുന്നത് സംബന്ധിച്ച വിഷയം ഉണ്ടായിരുന്നു. യോഗം ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ച സഭ പിരിയുന്പോൾ താൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ, കൃത്യമായ ആശയവിനിമയം നടത്താതിരുന്നത് തന്റെ വ്യക്തിപരമായ വീഴ്ചയാണെന്നും ഉപാധ്യക്ഷൻ പറഞ്ഞു. സഭ ഇന്നലെ ചേർന്ന ഉടൻ തൃണമൂൽ അംഗം സുകേന്ദു ശേഖർ റോയ് ആണ് വിഷയം ഉന്നയിച്ചത്.
രാജ്യസഭാ സമ്മേളനം നീട്ടി; പ്രതിഷേധവുമായി പ്രതിപക്ഷം
12:59 AM Jan 10, 2019 | Deepika.com