കോൽക്കത്ത: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ നേരിടാനുള്ള പ്രതിപക്ഷ കക്ഷികളുടെ ശ്രമത്തിനു തുടക്കത്തിലേ കല്ലുകടി. രാഹുലിനെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ നിലപാടിൽ തൃണമൂൽ ഉൾപ്പെടെ കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചു. ഇത്തരം നീക്കം തീർത്തും അപക്വമാണെന്നു മുതിർന്ന തൃണമൂൽ നേതാവ്പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം പ്രതിപക്ഷകക്ഷികൾക്കിടയിൽ ചർച്ച നടത്തി മാത്രമേ പ്രധാനമന്ത്രിയെ കണ്ടെത്താവൂ എന്നാണു തൃണമൂൽ നിലപാട്. ഏകപക്ഷീയമായ പ്രഖ്യാപനം തെറ്റായ സന്ദേശമായിരിക്കും നൽകുക. തൃണമൂൽ കോൺഗ്രസിന്റെ മാത്രം അഭിപ്രായമല്ല ഇതെന്നും മുതിർന്ന നേതാവ് പറഞ്ഞു.
തിങ്കളാഴ്ച ചെന്നൈയിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണു രാഹുലിനെക്കുറിച്ചു സ്റ്റാലിൻ അഭിപ്രായപ്രകടനം നടത്തിയത്. തൃണമൂലിനു പുറമേ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും ശരദ്പവാറിന്റെ എൻസിപിയും സ്റ്റാലിന്റെ നിലപാടിൽ അതൃപ്തിയറിയിച്ചു. രാഹുലിനെ സ്റ്റാലിൻ പിന്തുണയ്ക്കുന്നു എന്നതു സ്വാഗതാർഹമാണ്.
രാഹുൽ പ്രധാനമന്ത്രിസ്ഥാനാർഥി: എതിർപ്പുമായി തൃണമൂൽ കോൺഗ്രസും
01:07 AM Dec 18, 2018 | Deepika.com