ന്യൂഡൽഹി: പലവട്ടം ചർച്ചകൾക്കൊടുവിൽ സാധ്യത പ്രതീക്ഷിക്കുന്ന നാലു നേതാക്കൾക്കൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിലിട്ടെങ്കിലും ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്കു മുന്നിട്ടു നിൽക്കുന്ന താമ്രദ്വാജ് സാഹു, ഭൂപേഷ് ഭഗേൽ, ചരണ്ദാസ് മഹന്ത്, ടി.എസ് സിംഗ്ദോ എന്നിവരുമായി രാഹുൽ ഗാന്ധി പലവട്ടം ഇന്നലെ ചർച്ച നടത്തിയിരുന്നു. ഒരുവേള സോണിയ ഗാന്ധിയും ചർച്ചയിൽ ചേർന്നു.
പ്രിയങ്ക ഗാന്ധിയും കേന്ദ്ര നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ, ചത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി നേതാവ് പി.എൽ. പുനിയ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. ഇന്നലെ വൈകുന്നേരവും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന സൂചനയാണ് കോണ്ഗ്രസ് വൃത്തങ്ങളിൽ നിന്നു ലഭിച്ചത്. ഭൂപേഷ് ഭഗേലും ടി.എസ്. സിംഗ്ദ്യോയും രണ്ടു തവണയായി മുഖ്യമന്ത്രിമാരാകട്ടെ എന്ന പോംവഴിയും ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നു. ഛത്തീസ്ഗഡിൽ ഇന്ന് എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്.
ഛത്തീസ്ഗഡിൽ തീരുമാനമായില്ല
01:13 AM Dec 16, 2018 | Deepika.com