ന്യൂഡൽഹി: മൂന്നു ദിവസമായി കോണ്ഗ്രസ് ഹൈക്കമാൻഡിനു മീതെ മഴക്കാറുപോലെ മൂടിനിന്ന അനിശ്ചിതത്വം നീങ്ങിയപ്പോൾ മുതിർന്ന കോണ്ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി. കടുംപിടിത്തങ്ങൾ പാർട്ടി നേതൃത്വം പറഞ്ഞൊതുക്കിയതോടെ യുവനേതാവും രാജസ്ഥാൻ പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും.
അക്ബർ റോഡിലെ കോണ്ഗ്രസ് ആസ്ഥാനത്തും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തുഗ്ലക് ലെയിനിലെ വസതിലും ചർച്ചകൾ രണ്ട് രാത്രി പിന്നിട്ടാണ് ഇന്നലെ വൈകുന്നേരത്തോടെ അന്തിമതീരുമാനമായത്. മുഖ്യമന്ത്രിപദത്തിനുമേൽ ജാതി സമവാക്യവും സ്വീകാര്യതയും പ്രവൃത്തിപരിചയവും അവകാശവാദങ്ങളും പിടിമുറുക്കിയതോടെ തീരുമാനം ഒരു പകൽകൂടി നീണ്ടുപോകുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ രാഹുൽ ഗാന്ധി ഇരുനേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തി. വീണ്ടും വൈകുന്നേരത്തോടെ ഇരു നേതാക്കൾക്കുമൊപ്പം ചർച്ച നടത്തിയ ശേഷം ഗെഹ്ലോട്ടിനും പൈലറ്റിനും ഒപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിലിട്ട രാഹുൽ രാജസ്ഥാനിലെ ഐക്യത്തിന്റെ നിറം എന്നാണു കുറിച്ചത്.
വൈകുന്നേരം നാലുമണിയോടെ കോണ്ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് എഐസിസി ജനറൽ സെക്രട്ടറിയും രാജസ്ഥാനിലെ നിരീക്ഷകനുമായ കെ.സി. വേണുഗോപാൽ, ഗെഹ്ലോട്ട് മുഖ്യമന്ത്രിയെന്നും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയെന്നും പ്രഖ്യാപിച്ചത്. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകും എന്ന് സൂചനകൾ പുറത്തു വന്നതോടെ സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി രാജസ്ഥാനിൽ നിരത്തിലിറങ്ങിയിരുന്നു. സംസ്ഥാനത്തു പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രാപ്തമാക്കിയത് തന്റെ പ്രയത്നത്തിന്റെ ഫലമാണെന്ന വാദവുമായി സച്ചിൻ പൈലറ്റും മുറുകി നിന്നു.
എന്നാൽ, രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടിന് തന്നെയാണ് കോണ്ഗ്രസ് ഹൈക്കമാൻഡ് മുൻതൂക്കം നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു കൂടി കണ്ണുവെച്ചുള്ള തീരുമാനം ആണിത്.
വ്യാഴാഴ്ച രാത്രി ജയ്പുരിലേക്ക് മടങ്ങാൻ ഡൽഹി വിമാനത്താവളത്തിലേക്കു പുറപ്പെട്ട ഗെഹ്ലോട്ടിനെ രാഹുൽ ഗാന്ധി തിരിച്ചുവിളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി താൻ സംസ്ഥാനത്തു കഠിന പ്രയത്നം നടത്തിയിട്ടുണ്ടെ ന്നും തനിക്കു നീതി ലഭിക്കണമെന്നുമായിരുന്നു ഗെഹ്ലോട്ട് രാഹുലിനോട് ആവശ്യപ്പെട്ടത്.
കോണ്ഗ്രസ് ആസ്ഥാനത്ത് കെ.സി വേണുഗോപാൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തുന്പോൾ 67 വയസുള്ള ഗെഹ്ലോട്ടും 41 വയസുള്ള പൈലറ്റും ഇടംവലം ഇരിപ്പുണ്ടായിരുന്നു. പാർട്ടി തീരുമാനത്തിൽ നന്ദിയുണ്ടെന്നു ഗെഹ്ലോട്ട് പറഞ്ഞു. ഗെഹ്ലോട്ടിന്റെ മാസ്മരികതയും തന്റെ പ്രവർത്തനവും ഒരുമിച്ചു എന്നാണ് പൈലറ്റ് പ്രതികരിച്ചത്. 1998 മുതൽ 2003 വരെയും 2008 മുതൽ 2013 വരെയുമാണ് അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നത്.
സെബി മാത്യു
രാജസ്ഥാനിൽ ഗെഹ്ലോട്ട് പൈലറ്റ്, സച്ചിൻ സഹപൈലറ്റ്
01:08 AM Dec 15, 2018 | Deepika.com