ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയശേഷം ലോകം ചുറ്റാൻ ചെലവഴിച്ചതു രണ്ടായിരം കോടി രൂപ. രാജ്യസഭയിൽ ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ, മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചുള്ള വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നൽകിയിരുന്നില്ല. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവർഷം കൊണ്ടു എത്തിയിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ വിദേശ രാജ്യങ്ങളിൽ ചുറ്റുന്നതിനു മോദി വൻ വിമർശനവും നേരിട്ടിരുന്നു. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദർശിച്ചത്.
പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശയാത്ര നടത്തുന്പോൾ ഉപയോഗിക്കുന്ന വിമാനമായ എയർ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈൻ സംവിധാനമൊരുക്കൽ എന്നിവയെല്ലാം ഈ ചെലവിൽ ഉൾപ്പെടുമെന്ന് മന്ത്രി വി.കെ സിംഗ് പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മോദി ലോകം ചുറ്റാൻ ചെലവഴിച്ചതു രണ്ടായിരം കോടി
01:06 AM Dec 15, 2018 | Deepika.com