ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനെ 12നു തെരഞ്ഞെടുക്കും. 38 അംഗങ്ങളുള്ള കോൺഗ്രസിനാണു കൗൺസിലിൽ മുൻതൂക്കമെങ്കിലും സഖ്യകക്ഷിയായ ജനതാദൾ-എസിനു ചെയർമാൻപദവി വിട്ടുനൽകാൻ കോൺഗ്രസ് തയാറായിരിക്കുകയാണ്.
ചെയർമാൻപദവിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർദേശം നൽകിയതായി മുതിർന്ന ജനതാദൾ- എസ് നേതാവ് ബസവരാജ് ഹൊറാത്തി പറഞ്ഞു. കോൺഗ്രസിന്റെ പിന്തുണയുണ്ടാകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസ്-ജനതാദൾ സഖ്യം മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. ധാരണയനുസരിച്ച് കോൺഗ്രസിനായിരുന്നു ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സ്ഥാനം. എന്നാൽ, ജനതാദളിലെ ഏതാനും നേതാക്കൾ ധാരണയെ എതിർക്കുകയായിരുന്നു.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ തെരഞ്ഞെടുപ്പ് 12ന്
01:44 AM Dec 09, 2018 | Deepika.com