ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് കുര്യൻ ജോസഫ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനെതിരായ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ശശാങ്ക് ദിയോയുടെ ആവശ്യമാണ് സുപ്രീംകോടതി നിരാകരിച്ചത്. അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കുമേൽ ബാഹ്യ ശക്തികളുടെ സ്വാധീനം ഉണ്ടായിരുന്ന എന്ന കുര്യൻ ജോസഫിന്റെ പരാമർശത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
ഇത്തരത്തിലുള്ള അഭിമുഖങ്ങളും പരാമർശങ്ങളും സുപ്രീംകോടതിയുടെ അന്തസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, സുപ്രീംകോടതിയുടെ അന്തസ് തീരുമാനിക്കുന്നത് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മറുപടി നൽകിയത്.
ജസ്റ്റീസ് കുര്യൻ ജോസഫിന്റെ അഭിമുഖം: അടിയന്തര വാദമില്ല
12:43 AM Dec 07, 2018 | Deepika.com