മുംബൈ: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ ജീവനക്കാരുടെ ശന്പളം തടയാനാവില്ലെന്നു ബോംബെ ഹൈക്കോടതി. തന്റെ ശന്പളം തടഞ്ഞുവച്ചുവെന്നു കാണിച്ച് മുംബൈ പോർട്ട് ട്രസ്റ്റിലെ ചാർജ്മാനായ രമേശ് പുരാലെ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റീസ് എ.എസ്. ഓകയും ജസ്റ്റീസ് എസ്.കെ. ഷിൻഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ശന്പളം ലഭിക്കാൻ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നു ഷിപ്പിംഗ് മന്ത്രാലയം 2005ൽ നൽകിയ കത്തിനെ ചോദ്യംചെയ്താണു ഹർജിക്കാരൻ കോടതിയിലെത്തിയത്.
ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദേശം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നു വാദിച്ച് ജീവനക്കാരൻ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആധാർ കാർഡ് നിർബന്ധമല്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ ഈമാസം ആദ്യമാണ് ജീവനക്കാരൻ ഹൈക്കോടതിയിലെത്തിയത്.
ബാങ്ക് അക്കൗണ്ട് ആധാർ നന്പറുമായി ബന്ധിപ്പിക്കാത്തതിനു ശന്പളം തടയാനാവില്ല
12:51 AM Nov 20, 2018 | Deepika.com