മൈസൂരു: രാജ്യവിരുദ്ധനെന്നു സംഘപരിവാർ പ്രചാരകർ മുദ്രകുത്തിയ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ സംഗീതപരിപാടി മൈസൂരുവിലും സംഘടിപ്പിക്കുന്നു. 22, 23 തീയതികളിലായി കുവേംപുനഗർ ഗണഭാരതിയിലാണ് അദ്ദേഹം പാടുന്നത്.
മുത്തുസ്വാമി ദീക്ഷിതരുടെ അപൂർവ കൃതികൾ എന്ന വിഷയത്തിലുള്ള ശില്പശാലയാണ് ടി.എം. കൃഷ്ണയുടെ നേതൃത്വത്തിൽ നടക്കുന്നത്. കൃഷ്ണയുടെ സംഗീതപരിപാടി നടത്തുന്നതിനെതിരേ പ്രതിഷേധം അറിയിച്ച് നിരവധിപ്പേർ തങ്ങളെ വിളിച്ചതായി സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, പ്രതിഷേധം വകവയ്ക്കുന്നില്ലെന്നും എതിർപ്പുള്ളവർ പരിപാടിയിൽ പങ്കെടുക്കേണ്ടെന്നുമാണ് സംഘാടകരുടെ നിലപാട്. ഇത്തരം ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് ടി.എം. കൃഷ്ണയും പ്രതികരിച്ചിരുന്നു.
കർണാടക സംഗീതത്തിന്റെ പ്രൗഢവേദികളിലെ സജീവസാന്നിധ്യമാണ് മാഗ്സസെ അവാർഡ് ജേതാവുകൂടിയായ തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. രാഷ്ട്രീയവിഷയങ്ങളിൽ ശക്തമായ നിലപാടുകളും കുറിക്കുകൊള്ളുന്ന അഭിപ്രായപ്രകടനങ്ങളും നടത്തുന്നതും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനങ്ങളുന്നയിക്കുന്നതുമാണ് അദ്ദേഹത്തെ സംഘപരിവാർ ശക്തികൾക്ക് അനഭിമതനാക്കിയത്. സംഗീതത്തിലെ ജാതീയതയെയും അദ്ദേഹം ശക്തമായി ചോദ്യംചെയ്തിട്ടുണ്ട്.
കൃഷ്ണയുടെ സംഗീതത്തിന് കാതോർത്ത് മൈസൂരുവും
12:43 AM Nov 19, 2018 | Deepika.com