ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ പരാതി നൽകിയ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ സ്ഥലം മാറ്റി. കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് അഡീഷണൽ സെക്രട്ടറിയായിട്ടാണ് നിയമനം. ഡൽഹിയിലെ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് പരീദയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അൻഷു പ്രകാശിനെ അരവിന്ദ് കേജരിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ വച്ച് ആം ആദ്മി പാർട്ടി എംഎൽഎമാർ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ അൻഷു പ്രകാശ് നൽകിയ പരാതിയിൽ കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും 12 എംഎൽഎമാരും കുറ്റക്കാരാണെന്നു വ്യക്തമാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഡൽഹി ചീഫ് സെക്രട്ടറിയെ സ്ഥലം മാറ്റി
12:43 AM Nov 19, 2018 | Deepika.com